
സ്വന്തമായി ഒരു തൊഴിലും സ്ഥിരവരുമാനവും ആഗ്രഹിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ സ്വന്തമാക്കാൻ അവസരം. കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ധനലക്ഷ്മി ബാങ്കുമായി സഹകരിച്ച് നടപ്പാക്കുന്ന സമുന്നതി ഇ-യാത്ര (2026-27) പദ്ധതിയിലൂടെ ഒരു ലക്ഷം രൂപ വരെ മൂലധന സബ്സിഡി ലഭിക്കും. പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഡിസംബർ 15 ആണ്.
കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളിൽ ഉൾപ്പെടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിന് ബാങ്ക് അനുവദിക്കുന്ന വായ്പയുടെ 40 ശതമാനം അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപയാണ് സബ്സിഡിയായി നൽകുന്നത്. വാഹനവാങ്ങലിനുള്ള വ്യക്തിഗത വായ്പ ധനലക്ഷ്മി ബാങ്ക് മുഖേന ലഭ്യമാക്കുകയും ചെയ്യും.
ആർക്കൊക്കെ അപേക്ഷിക്കാം?
കേരളത്തിലെ സംവരണേതര വിഭാഗങ്ങളിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് പദ്ധതിയിൽ അപേക്ഷിക്കാം. 2026 ജനുവരി ഒന്നിന് അപേക്ഷകയ്ക്ക് 50 വയസ് പൂർത്തിയായിരിക്കരുത്. കുടുംബത്തിന്റെ വാർഷിക വരുമാനം എല്ലാ സ്രോതസുകളിൽ നിന്നുമായി നാല് ലക്ഷം രൂപയിൽ കവിയാനും പാടില്ല. അപേക്ഷാ സമയത്ത് സാധുതയുള്ള LMV ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.
ഇലക്ട്രിക് ഓട്ടോ വാങ്ങുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ ഇലക്ട്രിക് വാഹന നയപ്രകാരമുള്ള ആനുകൂല്യമോ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മറ്റ് സബ്സിഡികളോ ഇതിനകം കൈപ്പറ്റിയവർക്കും അതിന് അപേക്ഷിച്ചവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ട ഒരാൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
മുൻഗണന ആർക്കൊക്കെ?
അപേക്ഷകരിൽ ഏറ്റവും കുറഞ്ഞ കുടുംബ വാർഷിക വരുമാനമുള്ളവർക്കായിരിക്കും തിരഞ്ഞെടുപ്പിൽ മുൻഗണന. വരുമാനം തുല്യമാണെങ്കിൽ വിധവകൾ, മാരക രോഗബാധിതർ, റേഷൻ കാർഡിൽ ഉൾപ്പെട്ട അടുത്ത ബന്ധുവിന് മാരക രോഗമുള്ളവർ, പ്രായം കൂടിയവർ എന്നിവർക്ക് മുൻഗണനാക്രമത്തിൽ പരിഗണന ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം?
പദ്ധതിയുടെ അപേക്ഷാ ഫോമും വിശദമായ മാർഗനിർദേശങ്ങളും കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.kswcfc.org ൽ ലഭിക്കും. സമുന്നതിയുടെ പൊതുവായ അപേക്ഷാ ഫോമിനൊപ്പം ധനലക്ഷ്മി ബാങ്കിന്റെ വായ്പാ അപേക്ഷയും ആവശ്യമായ രേഖകളും ചേർത്ത് ബാങ്കിന്റെ ഏതെങ്കിലും ബ്രാഞ്ചിൽ നേരിട്ട് സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കുന്ന കവറിന് പുറത്ത് 'സമുന്നതി ഇ-യാത്ര (2026-27) പദ്ധതിയിലേക്കുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 ഡിസംബർ 15 ആണ്.
ആവശ്യമായ രേഖകൾ
വില്ലേജ് ഓഫീസർ അല്ലെങ്കിൽ റവന്യൂ അധികാരി നൽകുന്ന കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്. അപേക്ഷകയുടെയോ റേഷൻ കാർഡിൽ അംഗമായ അടുത്ത ബന്ധുവിന്റെയോ പേരിലുള്ള സർട്ടിഫിക്കറ്റായിരിക്കണം. വ്യക്തിഗത വരുമാന സർട്ടിഫിക്കറ്റ് സ്വീകരിക്കില്ല.
ജാതി തെളിയിക്കുന്ന വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ SSLC സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജിന്റെ പകർപ്പ്.
ഏറ്റവും പുതിയ റേഷൻ കാർഡിന്റെ പകർപ്പ്.
പ്രായം തെളിയിക്കുന്ന SSLC സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ്.
സാധുതയുള്ള LMV ഡ്രൈവിങ് ലൈസൻസിന്റെ പകർപ്പ്.
ആധാർ കാർഡിന്റെ പകർപ്പ്.
അപേക്ഷയിൽ പതിക്കാനുള്ള ഫോട്ടോ.
പേരുകളിലോ മറ്റ് വിവരങ്ങളിലോ വ്യത്യാസമുണ്ടെങ്കിൽ One & the Same സർട്ടിഫിക്കറ്റ്.
വിധവയാണെങ്കിൽ അതു തെളിയിക്കുന്ന രേഖ.
മാരക രോഗബാധിതയാണെങ്കിൽ ചികിത്സാ രേഖകൾ.
EV Policy പ്രകാരമുള്ള ഇൻസെന്റീവ് കൈപ്പറ്റിയിട്ടില്ലെന്ന മോട്ടോർ വാഹന വകുപ്പിന്റെ സാക്ഷ്യപത്രം.
വാഹനം ഉപയോഗിക്കുന്നതിൽ നിബന്ധനകൾ
പദ്ധതിയിലൂടെ ലഭിക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷ വാണിജ്യാടിസ്ഥാനത്തിലുള്ള യാത്രാ ആവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഗുണഭോക്താവിന്റെ പേരിൽ അനുവദിക്കുന്ന വാഹനം അതേ വ്യക്തി തന്നെ ഓടിക്കണം. വാഹനം മറ്റൊരാൾക്ക് കൈമാറുന്നതിനും അനുമതിയില്ല.
തിരഞ്ഞെടുക്കപ്പെടുന്നവർ സമുന്നതിയുമായി മൂന്ന് വർഷത്തേക്കുള്ള കരാറിൽ ഏർപ്പെടണം. ഈ കാലയളവിൽ പദ്ധതിയുടെ നിബന്ധനകൾ ലംഘിച്ചാൽ ലഭിച്ച സബ്സിഡി 12 ശതമാനം കൂട്ടുപലിശ സഹിതം തിരിച്ചടയ്ക്കേണ്ടിവരും. ഭാവിയിൽ സമാന പദ്ധതികൾക്ക് അപേക്ഷിക്കാനുള്ള അർഹതയും നഷ്ടപ്പെടും. ഒരേ റേഷൻ കാർഡിൽ ഉൾപ്പെട്ട ഒന്നിലധികം പേർ അപേക്ഷിച്ചാൽ അപേക്ഷകൾ നിരസിക്കും.
വായ്പ അനുവദിക്കുന്നതിനുള്ള ജാമ്യവ്യവസ്ഥകൾ, പലിശനിരക്ക്, തിരിച്ചടവ് കാലാവധി എന്നിവ സംബന്ധിച്ച അന്തിമ തീരുമാനം ധനലക്ഷ്മി ബാങ്കിന്റേതായിരിക്കും. ബാങ്ക് വായ്പ അനുവദിച്ചശേഷം വാഹനം, ആർ.സി ബുക്ക്, ഇൻഷുറൻസ് രേഖകൾ, മറ്റ് ആവശ്യമായ സർട്ടിഫിക്കറ്റുകൾ എന്നിവ സമുന്നതി ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തും. പരിശോധന പൂർത്തിയായ ശേഷമാണ് സബ്സിഡി തുക ഒറ്റത്തവണയായി വായ്പാ അക്കൗണ്ടിലേക്ക് കൈമാറുക.
സ്വയംതൊഴിൽ കണ്ടെത്താനും സാമ്പത്തിക സ്വാശ്രയത്വം നേടാനും ആഗ്രഹിക്കുന്ന അർഹരായ വനിതകൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക വെബ്സൈറ്റിലെ മാർഗനിർദേശങ്ങളും വ്യവസ്ഥകളും പരിശോധിക്കണം.










